ന്യൂഡൽഹി: രാജ്യത്ത് ഊർജ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര സർക്കാർ. രാഷ്ട്രീയപാർട്ടികള്ക്കായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. അസംസ്കൃത എണ്ണ, എൽപിജി തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയതായാണു സർക്കാർ വ്യക്തമാക്കിയത്.
ഇന്ധനവുമായി കൂടുതൽ കപ്പലുകൾ രാജ്യത്തേക്കു വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. നാലു കപ്പലുകൾ എത്തിയിട്ടുണ്ടെന്നും കൂടുതൽ എത്തുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
രാജ്യത്തെ എൽപിജി ആവശ്യകതയുടെ 60 ശതമാനം പൂർത്തീകരിക്കുന്നത് ആഭ്യന്തര ഉത്പാദനത്തിലൂടെയാണെന്നു പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസും യോഗത്തിൽ പങ്കെടുത്തില്ല.